Tuesday, June 1, 2010

പുഴക്കരയിലിരുന്നു മാനം നോക്കുമ്പോള്‍...  


എനിക്കായൊരിക്കലും
അമരവല്ലികള്‍ പൂക്കാത്ത 
എന്‍റെയീ പാവം പുഴക്കടവിലൊറ്റയ്ക്കിരുന്നു   
മാനം  നോക്കവേ 
നക്ഷത്രങ്ങള്‍ക്കെല്ലാം 
പ്രണയം തപിച്ച പകലിന്‍ മുഖം   


പായല്‍ തണുപ്പിലീ കാല്‍വച്ചു
ദാവണിതുമ്പുമായ്  വിരല്ച്ചുറ്റി
സ്ഫടികജല കണ്ണാടിയില്‍ മുഖം നോക്കി
കടവിലങ്ങനെ പുഴമൊഴി ചൊല്ലിയിരിക്കവേ
തുമ്പികള്‍ കല്ല്‌ തേടുന്ന വെയില്‍ വീണ സന്ധ്യയില്‍
അന്തിമാനം ചുവന്ന കവിത
നദിയാണ് നിന്‍ താളം; നീയതിന്‍ തീരവും.


പുലരുവാനൊരു വേള
വൈകുമീ രാത്രിയില്‍ 
തലതിരിഞ്ഞുറങ്ങുന്ന
അന്ത്യസ്വപ്നങ്ങളില്‍
അഗ്നിമഴ പൊള്ളിച്ചോരെന്‍ 
കവിളിലെ വൃണവേദനയില്‍
നിള തഴുകിയ സ്വാസ്ത്യത്തിനു 
നന്ദി ചൊല്ലിപ്പിരിയുമീ മൂവന്തി വഴികളില്‍
ദേശാടനക്കിളികളെന്‍ കരളിലെന്തോ 
കൊരുത്തിട്ടുപോകുന്നതിങ്ങനെ....
വാക്കുകള്‍ തീചീറ്റിയാടുന്ന വര്‍ത്തമാന-
പ്പകലിന്‍ പൊള്ളലില്‍ 
ഹൃദയ മുറിവിലെക്കേതു പുഴയൊഴുക്കും
അന്ജനമെഴുതും സുഖം.


നദികള്‍ക്കിപ്പുരം
നീലമാനത്തിന്‍ താഴെ
ഒരു നക്ഷത്രമെനിക്കായ്‌
കാത്തു നിന്നിരുന്നെന്നു
വയലിന്‍ കമ്പികള്‍ കേള്‍വിയില്‍ നേര്‍ക്കുന്നു.
പുഴ തിന്ന മത്സ്യ പുരാണപുസ്തകം
രാത്രി നിലാവില്‍ 
മാനം നോക്കി തിരയവേ
കവിത കോറിയ മണല്‍ദ്വീപുകള്‍
പുലരി കാണാതെ കളിവണ്ടി കയറുന്നു


പോയ കാലങ്ങളീ പടുമരച്ചില്ലയില്‍
പേരാലിനിലകളില്‍
അക്ഷരച്ചിത്ര ജാലികകളൊന്നിച്ച      
മണലാഴിമധ്യത്തില്‍, നിശയില്‍, നിലാവില്‍
ഒറ്റക്കാലുള്ള  താപസന്‍ കൊറ്റിതന്‍ കൊക്കാ-
യോതുങ്ങുന്നു മരുഭൂമി, ഓര്‍മ്മകളും.