Tuesday, August 6, 2013

പെണ്ണെഴുത്ത്‌

ഒരു വിതുമ്പല്‍
-നേര്‍ത്തൊരു കാറ്റ് പോലെ..
പുലരുവാനോരുങ്ങുന്ന രാത്രി
-മാനം നഷ്ടപ്പെട്ട പെണ്ണിന്റെ നൊമ്പരം.

നീള്മുടി
പാദസരത്തിന്റെ പതിഞ്ഞ സംഗീതം
കാലപ്പഴക്കത്തില്‍ നൂലറ്റ്പോയൊരു കൂട്ടം
മുത്തുകള്‍
തറയില്‍ വീണു ചിതറുന്ന ചിരിയൊച്ച,
മൈലാഞ്ചിക്കയ്യുകള്‍,
കൌതുകം കിലുങ്ങുന്ന കുപ്പിവളകള്‍,
മാന്മിഴി,
പട്ടുപാവാടയിട്ടൊരു കൌമാരം...
-പിന്തിരിഞ്ഞൊരു നോട്ടമെറിഞ്ഞു പോയി,
പത്രതാലുകളിലെന്നും കണ്ടുമറയുന്ന, 
പേരില്ലാത്ത, സ്ഥലപ്പേരുകൊണ്ട് ഞാനറിഞ്ഞ
അതെ പെണ്‍കുട്ടി
-മാനഭംഗപ്പെട്ടവള്‍.

വിതുമ്പലിന്
കരച്ചിലിന്റെ താളമാറ്റം.
പതിഞ്ഞ താളത്തില്‍ ഇനിയും പെയ്തൊഴിഞ്ഞിട്ടില്ലാത്ത
വേനല്‍മഴ.

നേരിയോരുരക്കം കണ്ണുകളില്‍.
-കരച്ചിലിപ്പോഴൊരു നിലവിളി:തീര്‍ച്ചയായുമൊരു
പെണ്നിന്റെത് തന്നെ
-ഞാനറിയുന്ന നൊമ്പരങ്ങലോക്കെയും
പെണ്നിന്റെത് മാത്രമാകുന്നു.

ഉറക്കമിനിയിപ്പോള്‍
പൂരിപ്പിക്കുവാന്‍ തീരെ വയ്യാത്തൊരു സമസ്യ.
കിടക്കയില്‍ എഴുന്നേറ്റിരുന്നു:
എന്തൊരു വിയര്‍പ്പു നാറ്റം!
എനിക്കെന്നെ അറയ്ക്കുന്നു.

ജനാലയ്ക്കല്‍
വയരുകുത്തിതുറന്നൊരു പെണ്ണ്:
അറ്റുപോയൊരു പൊക്കിള്‍ക്കൊടി,
രക്തത്തിന്റെ മനംപിരട്ടുന്ന ചുവപ്പ്
-കഴിഞ്ഞ മണിക്കൂറിലും 
ഇവളൊരു ഗര്‍ഭിണിയായിരുന്നിരിക്കണം!

നിലവിളി തൊട്ടരികിലെന്നു തോന്നി.
കണ്ണുകളമര്‍ത്തിതുടച്ചു
ചരിഞ്ഞു നോക്കി.
ചോരയിറ്റുന്നൊരു കുന്തമുന;
കോര്‍ത്ത്എടുത്തൊരു ഗര്‍ഭസ്ഥ ശിശു,
എവിടെയോ കണ്ടുമറന്നൊരു 
പൊക്കിള്‍ക്കൊടിയുടെ മറുപാതി
-വല്ലാത്തൊരു നിലവിളി.

ഭയപ്പാടുകളില്‍ 
സ്വയമോതുങ്ങാന്‍ തുടങ്ങുകയാണ്ഞാനിപ്പോള്‍.....;
ഉറക്കം നഷ്ടപ്പെട്ടൊരു രാത്രി,
ഞാനെന്ന അഹങ്കാരത്തില്‍
ചെറുകല്ലെറിഞ്ഞൊരു ചിറ്റൊളമുണ്ടാക്കി
ചക്രവാളത്തിലേക്ക് മറയുന്നു.

അറിവിലും ഭാവത്തിലും 
പുലരിയുടെ ബോധോദയം.
ഞാനെന്നെയരിയുന്നു;
എന്റെ കാതുകളില്‍ 
നിലവിളികളറിയുന്നു;
തിരിച്ചറിവിന്റെ ആദ്യ പുലരി
-ഞാനുമൊരു പെണ്ണ്;
സ്വയം സംരക്ഷിക്കേന്ടവള്‍.

Wednesday, October 27, 2010

കവിയ്ക്ക്.....

ഹൃദയത്തിന്‍റെ സ്ഥാനത്ത്‌
പൂവ് കാത്തുവെച്ച
കവി മരിച്ചു.
തനിക്കു പോകാന്‍ സ്വയമൊരു തെരുവ് വെട്ടി,
അതില്‍ പുഴപോലെ ഒഴുകിപ്പടര്‍ന്ന്,
ഒടുവില്‍ മറ്റൊരു തെരുവോരത്ത്
തിരിച്ചറിയപ്പെടാതെ,
കണ്ണുകള്‍ പാതി തുറന്ന്,ചിരിച്ച്‌,
കൈമടക്കുകളിലവസാന
അക്ഷരങ്ങള്‍ ഒളിപ്പിച്ചു വെച്ച്, 
വെയിലേറ്റു നനഞ്ഞ്
തൊലിപ്പുറത്ത് ചോന്ന പൊള്ളലും പേറി
മുറ്റത്തെ വെയില്‍ മെല്ലെ ചാഞ്ഞുപോയി.
'ഒസ്യത്തി'ലില്ലാത്ത ബന്ധങ്ങള്‍ക്ക് (ബന്ധനങ്ങള്‍ക്കും) വേണ്ടി
അഞ്ചു  ദിവസം ഇരുട്ടില്‍ കാത്തുകിടന്നു.
ആദ്യ ദിവസത്തെ അജ്ഞാതന്‍
ജനരലാശുപത്രിയിലെ പാവം തോട്ടക്കാരന്റെ
കരുണയില്‍
തിരിച്ചറിയപ്പെട്ട്   
ഒരു ദുഃഖവെള്ളിയാഴ്ച
പൊടുന്നനെ പ്രശസ്തനായി,
പ്രശസ്ത കവിയായി.
യൗവനത്തിന്റെ ധാര്‍ഷ്ട്യമുള്ള
'കിടിലന്‍' കവിതകള്‍
വശ്യമായി ചിരിച്ച്‌, ചിലപ്പോള്‍ കൊഞ്ഞനംകുത്തി
അരികത്തു നോക്കിനിന്നു.
കാച്ചിക്കുറുക്കിയ അക്ഷരങ്ങളില്‍
നെഞ്ച് പൊള്ളിക്കുന്ന
തീക്ഷ്നാനുഭവങ്ങള്‍
ശവപ്പെട്ടി ചുമക്കുന്നവരോട്
എന്തോ ചിലച്ചു.
മുഖംമൂടിയില്ലാത്ത ശവപ്പെട്ടി മോഹിച്ച
പരേതന് സംസ്ഥാനബഹുമതികളുടെ
ഔചിത്യത്തിനു
ഐസുപെട്ടിയില്‍ കാത്തുകിടക്കേണ്ടി വന്നത്
പിന്നെയും നാല് നാള്‍.
കാഴ്ചകളില്‍ വിശ്രമിക്കാതെ,
കണ്ടുകണ്ടങ്ങിരിക്കാതെ
ഇളംകാറ്റായും ചിലപ്പോള്‍
കൊടുംകാറ്റായും മഹാമേരിയായും
വീശി, ആഞ്ഞു വീശി പെയ്തൊഴിഞ്ഞ്,
അലഞ്ഞു നടന്ന
മേല്‍വിലാസമില്ലാത്ത പ്രിയപ്പെട്ട കവി
'ഒരു മരവും മറ തരാത്ത'
മരണത്തിന്റെ കാലൊച്ചയില്‍
പതറിപ്പതുങ്ങാതെ,
പരിഭവം പറയാതെ,
ആരോടുമൊന്നും ചിലയ്ക്കാതെ
മെല്ലെ നടന്നുപോയി,
പതിയെ വീണുറങ്ങി.
ജയതോല്‍വി കണക്കുകൂട്ടലുകളുടെ
തിരഞ്ഞെടുപ്പുതിരക്കുകള്‍ തീര്‍ത്തു
ജനകീയ നേതാക്കള്‍ സൗകര്യമായി വന്ന്
കടമ തീര്‍ക്കവെ പോലീസ് കോമരങ്ങള്‍
ആകാശത്തേക്ക് തോക്കുയര്‍ത്തി
'ഗമണ്ടന്‍' ആചാരവെടികള്‍ പൊട്ടിച്ചു പേടിപ്പിച്ചു
എന്റെ പാവം കവിയെ
വിദ്യുത്ശക്തിക്ക് വിട്ടുകൊടുത്തു.
സിരയിലോടുന്ന ചുടുചോര പോലെ
ഭൂമിയെ സ്നേഹിച്ചവന്‍
ഒടുവില്‍ ഒരുപിടി ചാരമായി.
എന്നിട്ടും,
പുഴയുടെ പ്രായമുള്ള
മലയാളത്തിന്റെ മാളമില്ലാത്തവന്‍
മരണത്തിലും മരിക്കാതെ
അക്ഷരങ്ങള്‍ തന്ന അഭയസ്ഥാനത് തലയുയര്‍തിനിന്നു.
കവിത പിന്നെയും ഉശിരോടെ ബാക്കിയായി.











   


















 

Wednesday, October 6, 2010

എല്ലാ കല്ലും കൊള്ളൂല്ലാട്ടോ.....

കഷ്ടം! ഇന്നലെ രാത്രി പാവം പോണ്ടിംഗ് ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നിരിക്കും...ധോണി ചിലപ്പോള്‍ ഉറങ്ങിയിട്ടെയുണ്ടാകില്ല..അങ്ങനെയൊക്കെയാണല്ലോ ഇപ്പൊ കാര്യങ്ങളുടെ കിടപ്പിനാലിറ്റി.മിനിങ്ങാന്ന് വൈകുന്നേരം 5 മണിക്ക്  55-4 എന്ന അതിമനോഹരമായ സ്കോറില്‍ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു തിരിച്ചുപോകുമ്പോള്‍ ധോണി ആശ്വസിച്ചിരിക്കണം: "ദൈവം ക്രീസിലുണ്ടല്ലോ!". പോണ്ടിംഗ് ചിന്തിച്ചത് മറിചായിരിക്കണം  :"വമ്പന്‍ സ്രാവുകള്‍ ഒക്കെയും കരയ്ക്കടിഞ്ഞു കഴിഞ്ഞു. ഇനി ദൈവത്തെക്കൂടി ഒരു വഴിക്കാക്കിയാല്‍ തീര്‍ന്നു. പിന്നൊരു നെതാവുള്ളതാനെങ്കില്‍  പേരും പെരുമയും ലിറ്റര്‍ കണക്കിന് പാലുകുടിയുടെ കണക്കും കൊണ്ട് അങ്ങനെ ജീവിച്ചു പോകുന്നുവെന്നല്ലാതെ ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യുന്നുമില്ല. വെരി വെരി സ്പെഷ്യല്‍ കുട്ടപ്പനാനെങ്കില്‍ പുറംവേദനാന്നൊക്കെ പറഞ്ഞു ആദ്യ ഇന്നിങ്ങ്സില്‍ തന്നെ മടിച്ചു മടിച്ചാണ് ഒന്ന് മുഖം കാണിച്ചു പോയത്. ഇത്തവണയെങ്കിലും ഇന്ത്യയില്‍ ഒരു 'ടെസ്റ്റു'കളി ജയിപ്പിച്ചു കാണിച്ചിട്ട് തന്നെ ബാക്കി കാര്യം!"
"തോറ്റാലും ഞങ്ങക്ക് പുല്ലാണേ" എന്ന് മനസിനെപ്പറഞ്ഞു വിശ്വസിപ്പിക്കാന്‍ ആവുന്നത്ര പരിശ്രമിച്ചു ദൈവത്തെ മാത്രം കൂട്ടുപിടിച്ച് അഞ്ചാംദിവസം കളിക്കാനിറങ്ങിയപ്പോള്‍  നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ഭാവമായിരുന്നോ ധോണി ഭയ്യായുടെ മുഖത്ത് എന്ന് ശ്രദ്ധിക്കാന്‍ മറന്നു. അതെന്തായാലും നൈറ്റ്‌ വാച്ച്മാന്‍ സഹീര്‍ ഖാന്റെ കൂടെ ദൈവം കളിക്കാനിറങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡ്‌ 55-4 എന്ന് കാണിച്ചു. ജയിക്കാന്‍ ഇനിയും വേണം 161 റണ്‍സ്. എങ്ങനെ നോക്കിയാലും "ഞമ്മള് തോറ്റെ പോകൂ".വിചാരിച്ചു തീര്‍ന്നില്ല ദേ പോകുന്നു, സഹീര്‍. യാതൊരു ഉറപ്പുമില്ലാത്ത പുറംവേദനക്കാരന്റെ  സ്പെഷ്യല്‍ വരവാണ് പിന്നെ കണ്ടത്. ദൈവവും സ്പെഷ്യലും കൂടി ഒത്തു പിടിച്ചാല്‍ 'വേണമെങ്കില്‍' ജയിക്കാം എന്ന് വിശ്വസിച്ചു തുടങ്ങിയപ്പോഴാണ് ബോളിന്ചെറിന്റെ പന്തില്‍ അനാവശ്യ അഭ്യാസം കാണിച്ചു പന്ത് ഹസ്സിയുടെ അണ്ണാക്കിലെക്കിട്ടു കൊടുത്തു ദൈവം കളി അവസാനിപ്പിക്കുന്നത്... പിന്നെ വെറുതെ ആശ്വസിച്ചു:പണ്ടും ഇപ്പോഴുമൊക്കെ കുടിക്കുന്ന പശൂമ്പാല്‍ എന്തെങ്കിലും അത്ഭുതം കാണിക്കുമെന്ന്...എന്നെ തല്ലിയാല്‍ മതിയല്ലോ, ചുമ്മാ ഓരോ മനക്കോട്ട കെട്ടിക്കോളും! അതെന്തായാലും നമ്മുടെ വിദ്വാന്‍ 2 റണ്‍സും കീശയിലിട്ട്‌ ക്രീസിലേക്ക് ഓടിക്കയറാന്‍ മെനക്കെടാതെ നേരെ പവലിയനിലെക്കങ്ങു ഓടി-റണ്‍ ഔട്ട്‌! പിന്നെ ഭാജിയുടെ ഊഴമായിരുന്നു-പരട്ട പോണ്ടിങ്ങിന്റെ കൈക്കുള്ളിലേക്ക് ബോള് കോരിയിട്ടുകൊടുത്തു ഭാജിയും വന്ന വഴിക്ക് തിരിച്ചു പോയി....ഇപ്പൊ നമ്മുടെ സ്കോര്‍ 124 -8. "ഓ! പിന്നേ, ഇനി ഇവന്മാര് എന്നാ ഒണ്ടാക്കാനാ. സ്പെഷ്യല്‍ അവിടെ നിന്നാലും വേണ്ടൂല്ലാ, വാലറ്റത്തെ  2 കുറ്റി പറിച്ചാ കഥ തീരൂല്ലോ" എന്ന് പോണ്ടിങ്ങും കൂട്ടരും സമാധാനിച്ചിരിക്കുംപോഴാണ് നമ്മുടെ ഇഷാന്തിന്റെ വരവ്...23 overaanne സ്പെഷ്യലും ശര്‍മ്മാജിയും കൂടി പിടിച്ചു നിന്നത്.....ധോണി പോലും അന്തംവിട്ടു പോയിട്ടുണ്ടാകും..അതല്ലായിരുന്നോ പ്രകടനം! 81 റണ്‍സാണ് ഈ മഹാന്മാര്‍ കൂട്ടിച്ചേര്‍ത്തത്- ശര്‍മ്മാജി വക 31.
പാവം ഓസീസ്- feilding തന്ത്രങ്ങള്‍ ഒക്കെയും പാഴാവുന്ന ദയനീയ കാഴ്ചയില്‍ കണ്ണ് നിറഞ്ഞ്‌ തുടങ്ങുമ്പോഴാണ് അമ്പയര്‍ gould നമ്മുടെ ശര്‍മ്മാജിയെ ഇല്ലാത്ത lbw വിളിച്ചു പുറത്താക്കുന്നത്....തീര്‍ന്നില്ലേ കഥ...ഇനിയും വേണം 11 റണ്‍സ്- ഓജമോനെ വിശ്വസിക്കാനും വയ്യ. വീണ്ടും പോണ്ടിംഗ് ഒന്ന് തെളിഞ്ഞു ചിരിച്ചു. 5 റണ്‍സ് എങ്ങനെയൊക്കെയോ തട്ടീം മുട്ടീം ഒപ്പിച്ചു...അപ്പോഴാണ്‌ ഓജ lbw അപ്പീലില്‍ കുടുങ്ങുന്നത്. നേരത്തെ തെറ്റായ തീരുമാനത്തെ compromise ചെയ്യാംന്നു കരുതിയാവണം നമ്മുടെ ബില്ലി ചേട്ടനങ്ങ് കണ്ണടച്ചു കളഞ്ഞു....അതങ്ങ് തീര്‍ന്നപ്പോഴാണ്‌ ഓജ ചുമ്മാ ഒന്ന് ഓടിക്കളയാംന്ന്  കരുതീത്...ലക്ഷ്മണന്‍ ബാറ്റു കൊണ്ട്  തല്ലാന്‍ ഒങ്ങുന്നത് കണ്ട് തിരിചോടിയപ്പോഴേക്കും ഓസീസ് fielder wicket -നു നേര്‍ക്ക്‌ എറിഞ്ഞു കഴിഞ്ഞു...നിര്‍ഭാഗ്യമെന്നല്ലാതെ എന്ത് പറയാനാ, ഉന്നം തെറ്റാത്ത ഓസീസ് ത്രോ wicket -ല്‍ നിന്ന് ഒരിത്തിരി അങ്ങ് മാറി നേരെ boundary ലൈനിലേക്ക്-റണ്‍സ് 4 ഇങ്ങു പോന്നേയ്... ഇനിയിപ്പോ വെറും 2 റണ്‍സ്. ഓജയുടെ ഭാഗ്യത്തിന് കാലേല്‍ എവിടെയോ കൊണ്ട് ബോളങ്ങു പോയി- ലെഗ് ബൈയേ...ആ വകയില്‍ കിട്ടി ബാക്കി വേണ്ടുന്ന 2 റണ്‍സ്-എന്തൊരു അവിസ്മരണീയ വിജയം....
പാവം പോണ്ടിംഗ് അച്ചായന്‍! അത്ര പെട്ടന്നങ്ങ് മറക്കാന്‍ പറ്റ്വോ? മിനിമം അടുത്ത ടെസ്റ്റ്‌ തുടങ്ങുന്നത് വരെയെങ്കിലും ഇഷാന്തിന്റെയും ഓജയുടെയും കൊമ്പും പല്ലും വെച്ച രൂപങ്ങള്‍ തന്റെ ചോരയൂറ്റി കുടിക്കുന്ന ഭീകര സ്വപ്നം കണ്ട് ഞെട്ടിയുനരാതിരിക്കുന്നതെങ്ങനെ....?  
പക്ഷെ ധോണി ഭയ്യ & ടീം ഒന്ന് മനസിലാക്കണം, എല്ലാ കല്ലും മങ്ങേല്‍ തന്നെ കൊള്ളണംന്നില്ലാട്ടോ....കൊണ്ടാല്‍ തന്നെ മാങ്ങാ വീഴണംന്നുമില്ലാ....just remember that ...

Tuesday, June 1, 2010

പുഴക്കരയിലിരുന്നു മാനം നോക്കുമ്പോള്‍...  


എനിക്കായൊരിക്കലും
അമരവല്ലികള്‍ പൂക്കാത്ത 
എന്‍റെയീ പാവം പുഴക്കടവിലൊറ്റയ്ക്കിരുന്നു   
മാനം  നോക്കവേ 
നക്ഷത്രങ്ങള്‍ക്കെല്ലാം 
പ്രണയം തപിച്ച പകലിന്‍ മുഖം   


പായല്‍ തണുപ്പിലീ കാല്‍വച്ചു
ദാവണിതുമ്പുമായ്  വിരല്ച്ചുറ്റി
സ്ഫടികജല കണ്ണാടിയില്‍ മുഖം നോക്കി
കടവിലങ്ങനെ പുഴമൊഴി ചൊല്ലിയിരിക്കവേ
തുമ്പികള്‍ കല്ല്‌ തേടുന്ന വെയില്‍ വീണ സന്ധ്യയില്‍
അന്തിമാനം ചുവന്ന കവിത
നദിയാണ് നിന്‍ താളം; നീയതിന്‍ തീരവും.


പുലരുവാനൊരു വേള
വൈകുമീ രാത്രിയില്‍ 
തലതിരിഞ്ഞുറങ്ങുന്ന
അന്ത്യസ്വപ്നങ്ങളില്‍
അഗ്നിമഴ പൊള്ളിച്ചോരെന്‍ 
കവിളിലെ വൃണവേദനയില്‍
നിള തഴുകിയ സ്വാസ്ത്യത്തിനു 
നന്ദി ചൊല്ലിപ്പിരിയുമീ മൂവന്തി വഴികളില്‍
ദേശാടനക്കിളികളെന്‍ കരളിലെന്തോ 
കൊരുത്തിട്ടുപോകുന്നതിങ്ങനെ....
വാക്കുകള്‍ തീചീറ്റിയാടുന്ന വര്‍ത്തമാന-
പ്പകലിന്‍ പൊള്ളലില്‍ 
ഹൃദയ മുറിവിലെക്കേതു പുഴയൊഴുക്കും
അന്ജനമെഴുതും സുഖം.


നദികള്‍ക്കിപ്പുരം
നീലമാനത്തിന്‍ താഴെ
ഒരു നക്ഷത്രമെനിക്കായ്‌
കാത്തു നിന്നിരുന്നെന്നു
വയലിന്‍ കമ്പികള്‍ കേള്‍വിയില്‍ നേര്‍ക്കുന്നു.
പുഴ തിന്ന മത്സ്യ പുരാണപുസ്തകം
രാത്രി നിലാവില്‍ 
മാനം നോക്കി തിരയവേ
കവിത കോറിയ മണല്‍ദ്വീപുകള്‍
പുലരി കാണാതെ കളിവണ്ടി കയറുന്നു


പോയ കാലങ്ങളീ പടുമരച്ചില്ലയില്‍
പേരാലിനിലകളില്‍
അക്ഷരച്ചിത്ര ജാലികകളൊന്നിച്ച      
മണലാഴിമധ്യത്തില്‍, നിശയില്‍, നിലാവില്‍
ഒറ്റക്കാലുള്ള  താപസന്‍ കൊറ്റിതന്‍ കൊക്കാ-
യോതുങ്ങുന്നു മരുഭൂമി, ഓര്‍മ്മകളും.





















Wednesday, May 5, 2010

ഒന്ന്.
രാത്രി, 
നിറമുള്ള പകല്ക്കിനവുകള്‍ക്കും ശേഷം 
ഈ കറുപ്പില്‍ തനിച്ചിരുന്നു മാനം നോക്കവേ 
നീയും നിലാവും
 ഒരിക്കലും എഴുതിപ്പൂര്തിയാക്കിയിട്ടില്ലാത്ത
കവിത പോലെ ... 

രണ്ട്.
പ്രിയേ,
ശൂന്യതയുടെ അനന്തതകളിലേക്ക്
ധൃഷ്ടികളുയര്‍ത്തുക,
സ്വരം നഷ്ടപ്പെട്ട ചിലങ്കകളനിഞ്ഞു
നിന്റെ സ്വപ്നങ്ങളില്‍
ഞാന്‍ ചുവടു വയ്ക്കട്ടെ.
നിന്റെ വഴികളും കാലവും അപഹരിച്ച്‌
വസന്തം വിരിക്കട്ടെ.

മൂന്ന്.
ചുവന്ന തെരുവിന്‍റെ നിലാവില്‍
നിന്റെ വിരലടയാളം
ശ്വാസഗന്ധങ്ങളില്‍ ഒരു തെരുവ് നൊമ്പരം....
വരൂ,
നാളെ ആഴിയുടെ ഗര്‍ഭനാലങ്ങളില്‍
നമുക്ക്
പ്രണയം തിരഞ്ഞു പോകാം...
രാത്രി , അമാവാസി കണ്തുരക്കവേ
വരുമെന്നുരപ്പുള്ള 
സൂര്യോധയത്തിന്‍ മൂകസാക്ഷിയായ്  
നിന്നില്‍ നിറഞ്ഞ്‌ 
നിനക്ക് ഞാന്‍ യൗവ്വനം നല്‍കാം...

നാല്.
സഖി,
നമുക്കിവിടെ നിര്‍ത്താം.
എഴുതിപ്പൂര്‍തിയാക്കാത്ത കവിത,
 താളം തെറ്റിയ താരാട്ട്പാട്ട്,
വിരസതയുടെ വാര്‍ദ്ധക്യവും
മണല്‍ത്തരികള്‍ വഴി പറഞ്ഞ 
നിത്യ യൗവ്വനത്തിന്റെ 
വാണിഭ ശാലകളില്‍
അനുവിസ്ഫോടനത്തിന്റെ പെരുമ്പറ കൊട്ടി
കിളിപ്പാട്ടിന് തുടിയിടാം.....   




 
 



 
    
നിനക്ക്....ഈ മെഴുകുതിരികളെല്ലാം നിന്നെ മാത്രം ഒര്മിപ്പിക്കുമ്പോള്‍......