ഹൃദയത്തിന്‍റെ സ്ഥാനത്ത്
പൂവ് കാത്തുവെച്ച
കവി മരിച്ചു.
തനിക്കു പോകാന്‍ സ്വയമൊരു തെരുവ് വെട്ടി,
അതില്‍ പുഴപോലെ ഒഴുകിപ്പടര്‍ന്ന്,
ഒടുവില്‍ മറ്റൊരു തെരുവോരത്ത്
തിരിച്ചറിയപ്പെടാതെ,
കണ്ണുകള്‍ പാതി തുറന്ന്,ചിരിച്ച്,
കൈമടക്കുകളിലവസാന
അക്ഷരങ്ങള്‍ ഒളിപ്പിച്ചു വെച്ച്,
വെയിലേറ്റു നനഞ്ഞ്
തൊലിപ്പുറത്ത് ചോന്ന പൊള്ളലും പേറി
മുറ്റത്തെ വെയില്‍ മെല്ലെ ചാഞ്ഞുപോയി.
'ഒസ്യത്തി'ലില്ലാത്ത ബന്ധങ്ങള്‍ക്ക് (ബന്ധനങ്ങള്‍ക്കും) വേണ്ടി
അഞ്ചു ദിവസം ഇരുട്ടില്‍ കാത്തുകിടന്നു.
ആദ്യ ദിവസത്തെ അജ്ഞാതന്‍
ജനരലാശുപത്രിയിലെ പാവം തോട്ടക്കാരന്റെ
കരുണയില്‍
തിരിച്ചറിയപ്പെട്ട്
ഒരു ദുഃഖവെള്ളിയാഴ്ച
പൊടുന്നനെ പ്രശസ്തനായി,
പ്രശസ്ത കവിയായി.
യൗവനത്തിന്റെ ധാര്‍ഷ്ട്യമുള്ള
'കിടിലന്‍' കവിതകള്‍
വശ്യമായി ചിരിച്ച്, ചിലപ്പോള്‍ കൊഞ്ഞനംകുത്തി
അരികത്തു നോക്കിനിന്നു.
കാച്ചിക്കുറുക്കിയ അക്ഷരങ്ങളില്‍
നെഞ്ച് പൊള്ളിക്കുന്ന
തീക്ഷ്നാനുഭവങ്ങള്‍
ശവപ്പെട്ടി ചുമക്കുന്നവരോട്
എന്തോ ചിലച്ചു.
മുഖംമൂടിയില്ലാത്ത ശവപ്പെട്ടി മോഹിച്ച
പരേതന് സംസ്ഥാനബഹുമതികളുടെ
ഔചിത്യത്തിനു
ഐസുപെട്ടിയില്‍ കാത്തുകിടക്കേണ്ടി വന്നത്
പിന്നെയും നാല് നാള്‍.
കാഴ്ചകളില്‍ വിശ്രമിക്കാതെ,
കണ്ടുകണ്ടങ്ങിരിക്കാതെ
ഇളംകാറ്റായും ചിലപ്പോള്‍
കൊടുംകാറ്റായും മഹാമേരിയായും
വീശി, ആഞ്ഞു വീശി പെയ്തൊഴിഞ്ഞ്,
അലഞ്ഞു നടന്ന
മേല്‍വിലാസമില്ലാത്ത പ്രിയപ്പെട്ട കവി
'ഒരു മരവും മറ തരാത്ത'
മരണത്തിന്റെ കാലൊച്ചയില്‍
പതറിപ്പതുങ്ങാതെ,
പരിഭവം പറയാതെ,
ആരോടുമൊന്നും ചിലയ്ക്കാതെ
മെല്ലെ നടന്നുപോയി,
പതിയെ വീണുറങ്ങി.
ജയതോല്‍വി കണക്കുകൂട്ടലുകളുടെ
തിരഞ്ഞെടുപ്പുതിരക്കുകള്‍ തീര്‍ത്തു
ജനകീയ നേതാക്കള്‍ സൗകര്യമായി വന്ന്
കടമ തീര്‍ക്കവെ പോലീസ് കോമരങ്ങള്‍
ആകാശത്തേക്ക് തോക്കുയര്‍ത്തി
'ഗമണ്ടന്‍' ആചാരവെടികള്‍ പൊട്ടിച്ചു പേടിപ്പിച്ചു
എന്റെ പാവം കവിയെ
വിദ്യുത്ശക്തിക്ക് വിട്ടുകൊടുത്തു.
സിരയിലോടുന്ന ചുടുചോര പോലെ
ഭൂമിയെ സ്നേഹിച്ചവന്‍
ഒടുവില്‍ ഒരുപിടി ചാരമായി.
എന്നിട്ടും,
പുഴയുടെ പ്രായമുള്ള
മലയാളത്തിന്റെ മാളമില്ലാത്തവന്‍
മരണത്തിലും മരിക്കാതെ
അക്ഷരങ്ങള്‍ തന്ന അഭയസ്ഥാനത് തലയുയര്‍തിനിന്നു.
കവിത പിന്നെയും ഉശിരോടെ ബാക്കിയായി.
രണത്തിലും മരിക്കാതെ
ReplyDeleteഅക്ഷരങ്ങള്‍ തന്ന അഭയസ്ഥാനത് തലയുയര്‍തിനിന്നു.
കവിത പിന്നെയും ഉശിരോടെ ബാക്കിയായി.
മനോഹരമായിരിക്കുന്നു..
നല്ല കവിത... എഴുത്ത് തുടരൂ...
ReplyDelete